Saturday, November 17, 2018

My first solo trip

ഒറ്റക്കൊരു യാത്ര എന്നും ഒരു സ്വപ്നമായിരുന്നു ...
പേടിയാണോ അതോ ഒറ്റയ്ക്ക് എന്ത് ചെയ്യാനാ എന്ന തോന്നലാണോ എന്നെ ഇത് വരെ അതിനു അനുവദിക്കാഞ്ഞത് ... അറിയില്ല ..
അങ്ങനെ 2018 ആയപ്പോ ആ ആഗ്രഹം അങ്ങ് കൂടി ...
എന്നെ കൂടുതൽ അസ്സൂയപെടുത്താൻ വേണ്ടി ഒരു കൂട്ടം solo woman യാത്രികരും ഇറങ്ങി .. ഇവരുടെയൊക്കെ ലേഖനങ്ങൾ ഒക്കെ വായിക്കുമ്പോ പിന്നെ കുറച്ചു നേരത്തേക്ക് അപാര ധൈര്യം ആണ് ... അങ്ങനെ ഒരു സമയത്തു എന്തായാലും പോയെ പറ്റൂ എന്ന് തീരുമാനിച്ചു ..ഉടൻ തന്നെ കുറെ കടലാസ് കഷണത്തിൽ ഓരോരോ സ്ഥലങ്ങളുടെ പേര് എഴുതി മടക്കി വെച്ചു .. കണ്ണടച്ച് ഒരെണ്ണം എടുത്തു ... കിട്ടിയ സ്ഥലം കൊള്ളാം .. "നൈനിറ്റാൾ "..  പിന്നെ കുറെ ഗവേഷണം തുടങ്ങി .. എങ്ങനെ പോകണം .. എവിടെ താമസിക്കണം ... എന്തൊക്കെ കാണാനുണ്ട് ... ഇങ്ങനെ പല ബ്രൌസർ പേജ് തുറന്നിരിക്കലായി കുറച്ചു ദിവസത്തെ പണി ... പക്ഷെ ഒന്നും നടന്നില്ല ... പല പല മുടക്കുകൾ ... ഇടയ്ക്കു അനിയന്റെ മാര്യേജ് .. അങ്ങനെ ആ യാത്ര നീണ്ടു നീണ്ടു പോയി ...

2018 ആദ്യ പകുതി കഴിഞ്ഞു ..രണ്ടാം പകുതി തുടങ്ങി .. അപ്പോഴും ഈ ആഗ്രഹം മനസ്സിൽ ഉണ്ട് ട്ടോ ... പക്ഷെ നൈനിറ്റാൾ വിട്ടു അടുത്ത് വല്ല സ്ഥലവും നോക്കാംന്നു പ്ലാൻ ആയി ... മൂന്നാർ , വയനാട് , ഗോകർണാ , പോണ്ടിച്ചേരി ,ഗോവ ... അങ്ങനെ വീണ്ടും ഒരു പുതിയ ലിസ്റ്റ് ... ഒട്ടു മിക്ക സ്ഥലങ്ങളുടെയും പ്രശ്‌നം അവിടെ എത്തി എങ്ങനെ സ്ഥലങ്ങൾ കാണാൻ പോകും എന്നായിരുന്നു ... മൂന്നാർ ഒക്കെ പോകാൻ ബുദ്ധിമുട്ടില്ല .. അവിടെ പിന്നെ എങ്ങനെ കറങ്ങും എന്നതായിരുന്നു വല്യ ചോദ്യം ... ഗോവ ക്കും പോണ്ടിച്ചേരി ക്കും ആ പ്രോബ്ലം ഇല്ല .. സ്കൂട്ടർ വാടകക്ക് കിട്ടുമായിരുന്നു .. അങ്ങനെ ലിസ്റ്റ് വീണ്ടും ചുരുങ്ങി ... പിന്നേം സമയം കടന്നു പോയി ..

അങ്ങനെ ഈയുള്ളവളുടെ ജന്മദിനം ആകാറായി .. നോക്കി വന്നപ്പോൾ ഒരു വെള്ളിയാഴ്ച .. പിന്നേം നോക്കിയപ്പോ വ്യാഴാഴ്ച അവധി .. അപ്പൊ പിന്നെ രണ്ടും കല്പിച്ചു പോയാല്ലോ എന്ന് ചിന്തിച്ചു തുടങ്ങി .. കുറച്ചു ആൾക്കാരോടു മാത്രം ഇതിനെക്കുറിച്ച് പറഞ്ഞു ... അവരെല്ലാവരും കട്ട സപ്പോർട്ട് ... അപ്പോഴും ഞാൻ എന്നെ പറഞ്ഞു സമ്മതിപ്പിച്ചില്ലായിരുന്നു ..
എന്തോ ഒരു പേടി ....!!!

അങ്ങനെ നിശ്ചിത ദിവസത്തിന് 2 ആഴ്ച മുന്നേ ... ഒറ്റ ഇരിപ്പിനു ടിക്കറ്റ് ഉം റൂമും ബുക്ക് ചെയ്തു .. കൂടുതൽ ഒന്നും ആലോചിച്ചില്ല ...എവിടേക്കാണെന്നോ ??? "" പോണ്ടിച്ചേരി ""...!!!!!  അങ്ങനെ ആദ്യത്തെ സോളോ ട്രിപ്പ് നു ഫസ്റ്റ് സ്റ്റെപ് എടുത്തു ... പിന്നെ വീണ്ടും ടെൻഷൻ തുടങ്ങി ..
പുറമെ കാണിച്ചില്ലെങ്കിലും നല്ല പേടി ആയിരുന്നു ...
finally the D day... കാലത്തു തന്നെ പാക്കിങ് ഒക്കെ തീർത്തു .. ഓഫീസിൽ വന്നു ചുമ്മാ ബഹളം വെച്ച് നടന്നു ... വൈകുന്നേരം ആകുംതോറും പേടി കൂടിത്തുടങ്ങി ... പിന്നെ ബസ് സ്റ്റാൻഡ് എത്തുന്ന വരെ സമയം എങ്ങനെ പോയിന്നു പോലും അറിയില്ല... അതിന്റെ ഇടയ്ക്കു എന്റെ അനിയന് ഒരു സാധനം കൊടുക്കാൻ അവന്റെ ഓഫീസ് വരെ പോകേണ്ടി വന്നു .. കുറച്ചു ലേറ്റ് ആയി ബസ് സ്റ്റാൻഡ് എത്താൻ .. ഒരു പക്ഷെ  ബസ് കിട്ടാതെ പോയാലും കുഴപ്പമില്ല എന്ന ചിന്തയും ഉണ്ടായിരുന്നു .. എന്റെ ഭാഗ്യത്തിന് ബസ് അന്ന് ലേറ്റ് ആണ് ... അങ്ങനെ പ്രതീക്ഷിച്ചതിലും ഒരു മണിക്കൂർ വൈകി എന്റെ ബസ് സ്റ്റാർട്ട് ചെയ്തു .. all the way to Pondicherry....
എന്റെ കൂടെ ഉണ്ടായിരുന്ന പേടി ആ സ്റ്റാൻഡിൽ വിട്ടിട്ടായിരുന്നു ഞാൻ ബസ് കയറിയത് ...!!!

പിറ്റേ ദിവസം കാലത്തു എത്തിയത് തൊട്ടു അതിന്റെ പിറ്റെ  ദിവസം തിരിച്ചു ബസ് കയറിയത് വരെ .....എന്റെ ലോകം .. ഞാൻ മാത്രം ...
മതിവരുവോളം കടല് കണ്ടു ... തിരമാലകളെ തൊട്ടു .. ആ കാറ്റിൽ നടന്നു ...
മനോഹരമായ തെരുവുകളിലൂടെ അലക്ഷ്യമായി നടന്നു ... ആരെയും ഒന്നും ബോധിപ്പിക്കാനില്ലാതെ ...
എന്റെ സന്തോഷത്തിൽ പങ്കുചേരാനായി മഴയും എത്തി ....
അങ്ങനെ ആദ്യമായി എന്റെ ജന്മദിനം ഒറ്റയ്ക്ക് ആഘോഷിച്ചു ....!!!
ആകെ ഒരു സങ്കടം മാത്രം .. എന്റെ ഫോട്ടോഗ്രാഫി ഭയങ്കര മോശം ആണ് .. അത് കൊണ്ട് ഈ കണ്ട കാഴ്ചകൾ ഒന്നും എടുക്കാൻ ആയില്ല ... മനസ്സിൽ കുറെ ഫോട്ടോസ് എടുത്തിട്ടുണ്ടെങ്കിലും !!!

പക്ഷെ ... ഒരു വല്യ ആഗ്രഹം ഇതോടെ സാധിച്ചിരിക്കുകയാണ് ..
ഇനിയും മനോഹരമായ യാത്രകളിലേക്കുള്ള തുടക്കം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു !!!!!

Wednesday, January 31, 2018

പ്രതികാരം


അന്നും അവൾ കഴുത്തുവേദനയെ പറ്റി പറഞ്ഞപ്പോ ആരും വല്യ ശ്രദ്ധ കൊടുക്കാൻ പോയില്ല ....  പതിവുപോലെ ഗൂഗിൾ ആണ് അവളെ സഹായിക്കാനുണ്ടായേ.... അതും ഒരു ലേഖനം വഴി ... Unforgiveness ആണത്രേ ആ വേദനക്ക് പിന്നിലെ കാരണം ... ക്ഷമിക്കാനും പൊറുക്കാനും ഉള്ള മടി ....
അവൾടെ കൂട്ടുകാര് കേട്ടാൽ ചിരിക്കും .... അവൾ ഒരു പ്രതികാരം ചെയ്യണ കുട്ടി ആയി ആർക്കും തോന്നിയിട്ടുണ്ടാകില്ല ... കുരയ്ക്കുന്ന പട്ടി സാധാരണ കടിക്കാറില്ലല്ലോ ...

അന്ന് രാത്രി ആലോചിച്ചപ്പോ .. ശെരിയാ... അവൾക്കു മാപ്പു കൊടുക്കാൻ നല്ല ബുദ്ധിമുട്ടാ ... പണ്ട് തൊട്ടേ ... പക്ഷെ കഴുത്തു വേദന അടുത്തല്ലേ തുടങ്ങിയെ ... കൃത്യമായി പറഞ്ഞാൽ അവന്റെ തനി നിറം അറിഞ്ഞപ്പോ തൊട്ടു .... എങ്ങനെ മാപ്പു കൊടുക്കും അവനു... അവൾ കുറെ ആലോചിച്ചിട്ടുണ്ട് ... അത് മറന്നു മുന്നോട്ടു പോകാൻ .. പക്ഷെ കഴിയുന്നില്ല ....

പല തവണ അവനെ മനസ്സിൽ ഇട്ടു കുത്തി കൊന്നിട്ടുണ്ട് .. എന്നിട്ടും പറ്റുന്നില്ല ... അവളെ സംബന്ധിച്ചിടത്തോളം മരണം ഒരു പ്രതികാരം അല്ല ...
ഒരാൾ മരിച്ചാൽ അയാള് രക്ഷപ്പെടല്ലേ ... ജീവിച്ചു ജീവിച്ചു അനുഭവിക്കണം .... അതാണ് പ്രതികാരം ... അല്ലെങ്കിൽ അവള് അനുഭവിച്ച വേദന അവൻ അറിയണം ... അതും പോരാ .... 22FK സ്റ്റൈലിൽ പോയാലൊന്നും അവൾ ആലോചിച്ചു .... അതും പോരാ ... അതിന്റെയും അപ്പുറം ... അവൻ ഓരോ നിമിഷവും പശ്ചാത്തപിക്കണം .....

കഴുത്തു വേദന വീണ്ടും തുടങ്ങി .... അവൾക്കറിയാം ഈ പ്രതികാരദാഹം അവളെയും തിന്നുന്നുവെന്നു ...സാരല്യ .. അവനെ നശിപ്പിച്ചു അവൾ നശിച്ചാലും അവള് സഹിച്ചു .... ഇനി ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവൾക്കു എന്ത് നാശം ....

മനസ്സിൽ അവനെ കൊല്ലാനുള്ള വേറെ പുതിയ ഐഡിയ ഓർത്തുകൊണ്ട് അവൾ ഉറക്കത്തിലേക്കു പോയി ...

സ്വപ്നത്തിൽ അവൾ കാളി ആയി ... അവന്റെ സംഹാരം കഴിഞ്ഞു ആ ചോര കുടിക്കുന്ന ഭദ്രകാളി ....

സ്വപ്നത്തിന്റെ അവസാനം അന്ന് കണ്ട പരസ്യത്തിലെ ചോദ്യം അവളുടെ മുന്നിലേക്ക് വന്നു...

"Would you kill someone if you could get away with it ???"

ഉറക്കത്തിലും അവൾ പറഞ്ഞു .."Oh.. I would... I would...".